കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ടു അതിക്രൂരമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ലോക്ക്ഡൗണിലാണ് കണ്ണൂർ സ്വദേശിയായ യുവതി കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ അകപ്പെട്ടത്. മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ എന്ന വ്യക്തിയാണ് യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ടു പീഡിപ്പിച്ചത്. ഈ വ്യക്തിയുമായി യുവതി പരിചയത്തിലാവുകയും, ഇരുവരും അടുപ്പത്തിലായതോടെ ഇയാളുടെ ഫ്ലാറ്റിൽ യുവതി താമസമാക്കുകയുമായിരുന്നു.
എന്നാൽ കഴിഞ്ഞ ഫെബ്രുവരിയോടെ പെൺകുട്ടിയെ ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയും, പെൺകുട്ടിയുടെ നഗ്ന വിഡിയോ ചിത്രീകരിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് യുവതിക്ക് അതിക്രൂര പീഡനങ്ങൾ ആണ് ഏൽക്കേണ്ടി വന്നത് എന്നാണ് യുവതിയുടെ മൊഴി.
ഇയാൾ ഫ്ലാറ്റിൽ ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടി ഫ്ലാറ്റിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് ഇവർ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും ഇയാൾക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നുമാണ് യുവതിയുടെ പരാതി.