ഓണ്‍ലൈന്‍ വഴി ‘പ്രണയ ജ്യോതിഷ’മെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് 47 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശിയായ ലളിത് എന്ന വ്യാജ ജ്യോതിഷിയെയാണ് സൈബര്‍ ക്രൈം വിഭാഗം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
നവംബര്‍ 19 നാണ് ഇന്‍സ്റ്റാഗ്രാം വഴി യുവതി പ്രതിയെ പരിചയപ്പെട്ടത്. ‘ആസ്ട്രോ ഗോപാല്‍’ എന്ന പേരിലായിരുന്നു പ്രതി ഇന്‍സ്റ്റഗ്രാം പേജുണ്ടാക്കിയിരുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇയാളുടെ ഫോണ്‍ നമ്പറും നല്‍കിയിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചു നല്‍കുമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലുണ്ടായിരുന്നത്. തുടര്‍ന്നാണ് യുവതി ഇയാളെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.
ജ്യോതിഷത്തിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തു. ഇതിനായി ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്ന് ആദ്യം 32,000 രൂപ ഈടാക്കി. കൂടാതെ ജ്യോതിഷത്തിലൂടെ അവളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാര്‍ത്ഥന നടത്താനെന്ന വ്യാജേന ഇയാള്‍ 47.11 ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൊഹാലി സ്വദേശിയായ ലളിതിനെ അറസ്റ്റ് ചെയ്യുന്നത്.
രണ്ട് വിലകൂടിയ മൊബൈല്‍ ഫോണുകള്‍, രണ്ട് ഡെബിറ്റ് കാര്‍ഡുകള്‍, ഒരു ചെക്ക്ബുക്ക് എന്നിവയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രണയ ജോത്സ്യനാണെന്ന് അവകാശപ്പെട്ട് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും ഇയാള്‍ പരസ്യങ്ങള്‍ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ഇയാള്‍ മുന്‍പും നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.