33 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്കി. 26 വയസുള്ള യുവതി നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ്. ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം അമ്മയുടേതാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെതായിരുന്നു ഉത്തരവ്.
ഇന്ത്യന്‍ നിയമ പ്രകാരം ഇത്തരമൊരു ഗര്‍ഭവുമായി മുന്നോട്ടു പോവാണോയെന്ന് ആത്യന്തികമായി തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാണെന്ന് കോടതി പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കണോ അതോ കുഞ്ഞിനെ പ്രസവിക്കണോയെന്നെല്ലാം അമ്മയാണ് തീരുമാനിക്കേണ്ടത്. അമ്മയുടെ തീരുമാനമാണ് അന്തിമമാണെന്നും കോടതി വ്യക്തമാക്കി.
ഗര്‍ഭധാരണം മുതല്‍ നിരവധി അള്‍ട്രാസൗണ്ട് പരിശോധനകള്‍ നടത്തിയിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. നവംബര്‍ 12 ന് നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയില്‍ സ്ത്രീയുടെ ഗര്‍ഭപാത്രത്തിലെ ഭ്രൂണത്തിന് സെറിബ്രല്‍ ഡിസോര്‍ഡര്‍ കണ്ടെത്തുകയായിരുന്നു. ഇക്കാര്യത്താലാണ് ഗര്‍ഭം വൈദ്യശാസ്ത്രപരമായി ഇല്ലാതാക്കണമെന്ന് യുവതി ആവശ്യപ്പെട്ടത്.
ഗര്‍ഭധാരണം അവസാനിപ്പിക്കുന്ന ഇത്തരം കേസുകളില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായത്തിന് കോടതികളുടെ സഹായത്തിന് കാര്യമായ പ്രാധാന്യമുണ്ടെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ് സിംഗ് പറഞ്ഞു. ഈ ഘട്ടത്തില്‍ ഗര്‍ഭം അലസിപ്പിക്കുന്നത് അപകടമാണെന്ന് ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ (എല്‍എന്‍ജെപി) ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.
ആശുപത്രിയിലെ ന്യൂറോ സര്‍ജനില്‍ നിന്നും ഗൈനക്കോളജിസ്റ്റില്‍ നിന്നും ഇക്കാര്യത്തില്‍ ജഡ്ജി തിങ്കളാഴ്ച അഭിപ്രായം തേടിയിരുന്നു. കുട്ടിക്ക് എന്തെങ്കിലും വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അതിജീവിക്കുമെന്നും ന്യൂറോ സര്ജന് പറഞ്ഞു. കുട്ടിയുടെ മുന്നോട്ടുള്ള ജീവിതം എങ്ങനെയാകുമെന്ന് പ്രവചിക്കാന്‍ തനിക്ക് കഴിയില്ലെന്നും എന്നാല്‍ ജനിച്ച് ഏകദേശം 10 ആഴ്ചകള്‍ക്ക് ശേഷം ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശസ്ത്രക്രിയ നടത്താമെന്നും ഡോക്ടര്‍ ജഡ്ജിയെ അറിയിച്ചിരുന്നു.
എന്നാല്‍ എല്‍എന്‍ജെപി ആശുപത്രി സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിലും കോടതി അതൃപ്തി രേഖപ്പെടുത്തി. അത് അപൂര്‍ണ്ണമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കല്‍ ബോര്‍ഡ് സ്ത്രീയോട് സൗഹാര്‍ദ്ദപരമായി ഇടപഴകണമെന്നും അവളുടെ ശാരീരികവും മാനസികവുമായ അവസ്ഥ വിലയിരുത്തണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സ്ത്രീക്ക് തന്റെ ഗര്‍ഭം അലസിപ്പിക്കാനോ ഇല്ലാതാക്കാനോ ഉള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന വിഷയമാണെന്നും കോടതി പറഞ്ഞു. യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലോ മറ്റേതെങ്കിലും ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താവുന്നതാണെന്ന് കോടതി അറിയിച്ചു.