മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ എം.സി. കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിനാണ് അന്വേഷണ ചുതമതല. കൂടുതല്‍ കേസുകള്‍ വന്ന സാഹചര്യത്തിലാണ് കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് കാസര്‍കോട് എസ്പി ഡി ശില്‍പ്പ അറിയിച്ചു.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പിന് പിന്നാലെയാണ് മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെതിരെ ചെക്ക് കേസും പുറത്ത് വന്നത്. 78 ലക്ഷം രൂപയുടെ വണ്ടി ചെക്കുകള്‍ നല്കി എംഎല്‍എ വഞ്ചിച്ചെന്നാണ് പരാതി. കള്ളാര്‍ സ്വദേശികളായ സുബീറും അഷറഫുമാണ് പരാതി നല്‍കിയത്. പരാതി പറഞ്ഞിട്ടും ലീഗ് നേതൃത്വം കയ്യൊഴിഞ്ഞെന്നാണ് ലീഗ് അനുഭാവികളായ പരാതിക്കാര്‍ പറയുന്നത്.
മുസ്ലിം ലീഗ് അനുഭാവികളായ ഇരുവരും ജ്വല്ലറി തുടങ്ങിയ ഉടന്‍ പലപ്പോഴായി 98 ലക്ഷം രൂപ നിക്ഷേപിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ഇതില്‍ 20 ലക്ഷം തിരികെ വാങ്ങി. ജ്വല്ലറി അടച്ചു പൂട്ടിയതോടെ പണം തിരിച്ചു ചോദിച്ചപ്പോള്‍ അഞ്ച് ചെക്കുകളാണ് രണ്ടുപേര്‍ക്കുമായി ജ്വല്ലറിയുടെ പേരില്‍ നല്‍കിയത്. ഇതാണ് മടങ്ങിയത്.
സുബീര്‍ ഹൊസ്ദുര്‍ഗ് സബ് കോടതിയില്‍ മണി സ്യൂട്ടും ഫയല്‍ ചെയ്തിട്ടുണ്ട്. ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയ ഏഴുപേര്‍ ഇതിനോടകം കാസര്‍കോട് ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വഞ്ചനാകുറ്റത്തിന് കേസ് എടുത്ത് അന്വേഷണം നടന്നു വരുകയുമാണ്. വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടില്‍ ആരോപിതരാണ് ട്രസ്റ്റ് ചെയര്മാന് കൂടിയായ എം.സി. കമറുദ്ദീനും മാനേജിങ് ഡയറക്ടറായ ടി.കെ. പൂക്കോയ തങ്ങളും.