കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസിനിടെ ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ എത്തിയതോടെ പരാതി. നഗരത്തിനടുത്തെ ഒരു വിദ്യാലയത്തിലെ ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് സംഭവം. അദ്ധ്യാപകന് ക്ലാസ് എടുക്കുന്നതിനിടെ ഗ്രൂപ്പിലേക്ക് എത്തിയ ഈ വീഡിയോയും ക്ലാസിനൊപ്പം പ്ലേ ആക്കുകയായിരുന്നു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ വിദ്യാര്‍ത്ഥികളും ക്ലാസെടുത്ത അദ്ധ്യാപകനും വിഷമിച്ചു. വിഡിയോ കണ്ട കുട്ടിയുടെ മാതാവ് അദ്ധ്യാപകനെ വിവരം അറിയിച്ചു.
എന്നാല്‍ വീഡിയോ റിമൂവ് ചെയ്യാന്‍ അദ്ധ്യാപകന് നിരവധി തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ സ്കൂളിലേക്കു തുടരെ തുടരെ ഫോണുകള്‍ എത്തി. എന്തു ചെയ്യണമെന്നറിയാതെ അദ്ധ്യാപകന് കുഴങ്ങി. പിന്നീട് മറ്റൊരു അദ്ധ്യാപകൻ്റെ സഹായത്തോടെ പ്രശ്നം പരിഹരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു നല്കുന്ന ഓണ്‍ലൈന്‍ ലിങ്ക് ദുരുപയോഗം ചെയ്തു മറ്റുള്ളവര്‍ക്കു ലഭിക്കുന്നതാണ് അജ്ഞാതരുടെ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ എത്താന്‍ കാരണമെന്നാണു നിഗമനം. പരാതികളേറിയതോടെ ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും ക്ലാസുകളിലുമെല്ലാം അദ്ധ്യാപകരുടെ നിരന്തര നിരീക്ഷണമുണ്ട്.
രണ്ട് കേസുകള്‍ ആണ് ഇത്തരത്തിൽ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഒരെണ്ണത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. നീലേശ്വരം പൊലീസ് പരിധിയിലാണ് മറ്റൊരു കേസ്. ബങ്കളത്തെ സ്കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പിലേക്ക് കൊലയാളി എന്ന പ്രൊഫൈല്‍ ഐഡിയില്‍ നിന്ന് അജ്ഞാതന്‍ നുഴഞ്ഞു കയറിയതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
ഗ്രൂപ്പിന്റെ ലിങ്ക് ചോര്‍ന്നത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ഗെയിം ഗ്രൂപ്പുകളിലൂടെയാണെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തുടരന്വേഷണത്തിനായി സൈബര്‍ സെല്ലിനു കൈമാറിയിരിക്കുകയാണ്.