കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ എഡിജിപി എസ് ശ്രീജിത്തിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് ബൈജു കൊട്ടാരക്കരയുടെ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് നിയമവിരുദ്ധമായാണെന്നും ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസ് തീരും വരെ അന്വേഷണത്തിന്റെ ചുമതല എസ് ശ്രീജിത്തിനെ ഏല്പിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചിലാണ് ഹര്‍ജി.അന്വേഷണ കാലാവധി അവസാനിക്കാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ ശ്രീജിത്തിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തേക്ക് മാറ്റിയത് വിവാദമായിരുന്നു. നടിയെ ആക്രമിച്ചകേസിന്റേയും ദീലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചന കേസിന്റേയും അന്വേഷണം ഇതോടെ പ്രതിസന്ധിയിലാകുമെന്ന് വിലയിരുത്തലുകളുണ്ടായി. അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് ഡബ്ല്യുസിസിയും ചലച്ചിത്രമേഖലയിലെ ഒരു വിഭാഗമാളുകളും രംഗത്തെത്തിയിരുന്നു.
അതേസമയം താന്‍ മാറിയാലും അന്വേഷണത്തെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത് പ്രതീകരിച്ചു. കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത വ്യക്തി മാറി എന്നതിനാല്‍ അന്വേഷണത്തിന് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. സര്‍ക്കാറിന്റെ ഉറച്ച തീരുമാനം അനുസരിച്ച് അന്വേഷണം മുന്നോട്ട് പോവും. അതില്‍ ആശങ്കയുടെ ആവശ്യമില്ലന്നും ശ്രീജിത്ത് പറഞ്ഞു