സ്വന്തം മകന്റെ മര്‍ദനമേറ്റ് ബോധം മറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഉണരുമ്പോള്‍ കുടുംബമാകെ ശിഥിലമായ ദാരുണ അവസ്ഥയാണ് വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ ഉമ്മ ഷെമിയുടേത്. കള്ളം പറഞ്ഞും മകനെ രക്ഷിക്കാന്‍ നോക്കിയ ഷെമിയോട് ആ നശിച്ച രാത്രിയിലെ സത്യമത്രയും വെളിപ്പെടുത്തുക എന്നത് ബന്ധുക്കളുടെ മുന്നിലെ വലിയ വെല്ലുവിളിയാകുകയാണ്. പടിപടിയായി യാഥാര്‍ത്ഥ്യങ്ങള്‍ ഷെമിയെ അറിയിക്കാന്‍ ഉറച്ച ഭര്‍ത്താവും ഡോക്ടര്‍മാരും ഇന്ന് ആ ദുരന്ത വാര്‍ത്ത ഷെമിയോട് പറഞ്ഞു. ഇത്തരി ബോധം വന്ന നേരത്തും താന്‍ തിരക്കിയ ഇളയമകനെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന വാര്‍ത്ത. അവന്റെ മരണവിവരം. ദുരന്തങ്ങളത്രയും ഒറ്റയടിക്ക് വിശദീകരിക്കാനാകാതെ കുഴഞ്ഞ ബന്ധുക്കള്‍ ഷെമിയോട് ഈ വാര്‍ത്ത പറഞ്ഞതും മറ്റൊരു നുണയുടെ കൂട്ടുപിടിച്ച് തന്നെയാണ്.
വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഷെമിയോട് ഇളയ മകന് മരിച്ച വിവരം അല്പ സമയം മുന്‍പാണ് കുടുംബം അറിയിച്ചത്. മക്കളെ തിരക്കിയപ്പോള്‍ രണ്ടുപേരും അപകടത്തില്‍ പരിക്കേറ്റുവെന്നും, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലും എന്നാണ് പിതാവ് ആദ്യം പറഞ്ഞത്. മെഡിക്കല്‍ കോളേജില്‍ നിന്ന് അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഷെമി നിര്‍ദ്ദേശിച്ചപ്പോഴാണ് ഇളയ മകന് മരിച്ച വിവരം അബ്ദുല്‍ റഹീം പറഞ്ഞത്.
ഐഎസിയുവില്‍ തുടരുന്ന ഷെമിയോട് ഘട്ടം ഘട്ടമായി കുടുംബത്തില്‍ നടന്ന ദാരുണ സംഭവങ്ങള്‍ അറിയിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തു തുടര്‍ന്നായിരുന്നു മരണ വിവരം പറഞ്ഞത്. അതേസമയം തന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ നഷ്ടമായതായി പിതാവ് അബ്ദുല്‍ റഹീം പോലീസിനോട് പറഞ്ഞു. നെടുമങ്ങാട് രജിസ്ട്രേഷനുള്ള ഫോക്സ്വാഗണ് വാഹനമാണ് നഷ്ടമായത്. കാര്‍ അഫാന് പണയം വെച്ചതാകാം എന്നാണ് നിഗമനം. ഈ കാറിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.