യുപിയില്‍ പ്രതിഷേധത്തിനിടെ വാഹനം ഇടിച്ചു കയറി കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കര്‍ഷകര്‍ രാജ്യവ്യാപക പ്രതിഷേധം നടത്തും. യുപി ലഖിമ്പുര്‍ ഖേരിയില്‍ പ്രതിഷേധ മാര്‍ച്ചിനിടെ വാഹനം കയറി കര്‍ഷകര്‍ മരിച്ചതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പോര്‍മുഖം തുറക്കുകയാണ് കര്‍ഷകര്‍.
യുപിയില്‍ കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനിയുടെ മകന് ആശിഷ് മിശ്രയുള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലഖിംപുരിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി.
വാഹനമോടിച്ചെന്ന് കര്‍ഷകര്‍ ആരോപിക്കുന്ന കേന്ദ്രമന്ത്രിയുടെ മകന് ആഷിഷ് മിശ്രക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം, കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് രാവിലെ 10 മുതല്‍ 1 മണി വരെ രാജ്യത്തെ എല്ലാ കലക്ടറെറ്റുകളും കര്‍ഷകര്‍ ഉപരോധിക്കും. വിഷയത്തില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
കര്‍ഷകരെ കൊലപ്പെടുത്തിയാലും ഭയന്ന് പിന്മാറില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. യുപി നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗി സര്‍ക്കാരിനെതിരെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍. അതേസമയം കര്‍ഷകരുടെ ആരോപണങ്ങള്‍ തള്ളി കേന്ദ്രമന്ത്രി അജയ് മിശ്രയും മകന് ആശിഷ് മിശ്രയും രംഗത്തു വന്നു. സംഘര്‍ഷത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം യുപിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കുറ്റപ്പെടുത്തിയാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. ലഖിംപൂര്‍ഖേരിയില്‍ അപകടമുണ്ടായ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായി യുപി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കല്ലേറില്‍ നിയന്ത്രണം വിട്ട വാഹനമാണ് കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞു കയറിയത്. വാഹനമിടിച്ച് ബിജെപി പ്രവര്‍ത്തകര്‍ മരിച്ചതും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ പൊലീസ് തടയുകയാണ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെയും അറസ്റ്റ് ചെയ്തു. അര്‍ധരാത്രിയില്‍ ലഖിംപൂര്‍ ഖേരിയിലേക്ക് തിരിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രിയങ്ക കാല്‍നടയായി മുന്നോട്ടുനീങ്ങുകയായിരുന്നു. നൂറ് കണക്കിന് പ്രവര്‍ത്തകരും പ്രിയങ്കയ്ക്കൊപ്പം നടന്നു. പിന്നീട് വാഹനത്തില്‍ പോകാന്‍ പ്രിയങ്കയ്ക്ക് പൊലീസ് അനുവാദം നല്കി. എന്നാല്‍, ലഖിംപൂര്‍ ഖേരിയില്‍ എത്തും മുന്‍പ് പ്രിയങ്കയെ പൊലീസ് തടഞ്ഞ് സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാല്‍നട യാത്രക്കൊടുവില്‍ ലഖിംപൂര്‍ ഖേരിയിലെത്തിയ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ തന്റെ മകന് പങ്കില്ലെന്ന് വിശദീകരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനെ എതിര്‍ക്കുന്നതാണ് എഫ്ഐആര്‍. വഹന വ്യൂഹത്തില്‍ തന്റെ മകന് ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ ജീവനോടെ പുറത്തു വരില്ലായിരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.