കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കുമെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ്. അര്ജുന് ആയങ്കിയെയും സംഘത്തെയും സ്വര്‍ണ്ണം പൊട്ടിക്കാന്‍ 14 തവണയും സഹായിച്ചത് കൊടി സുനിയെന്ന കണ്ടെത്തല്‍.
അര്ജുന് ആയങ്കി നല്കിയ മൊഴി അനുസരിച്ച് പൊലീസ് വേഷത്തിലെത്തിയും കൊടി സുനി ഹവാല ഇടപാട് നടത്തിയിരുന്നു. 14 തവണയാണ് മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും സഹായത്തോടെ സ്വര്‍ണ്ണം പൊട്ടിച്ചത്. 8 തവണ ഇവരുടെ സഹായമില്ലാതെ സ്വര്‍ണ്ണം പൊട്ടിച്ചു. 22 തവണയാണ് ആകെ സ്വര്‍ണ്ണം പൊട്ടിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
അതേസമയം, ഇന്നലെ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വരുന്നത് അറിഞ്ഞ് മുഹമ്മദ് ഷാഫി ഓടി രക്ഷപെട്ടു. ഇതിനിടെ കൊടി സുനിയുടെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി വിളിച്ച് അറിയിച്ചിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.