തലശേരി: തലശേരിയില്‍ ട്രെയിനില്‍ യാത്രക്കാരനെതിരെ പോലീസ് അതിക്രമം. ടിക്കറ്റില്ലാതെ സ്ളീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തുവെന്നാരോപിച്ചു പരിശോധനയ്ക്കിടെയാണ് റെയില്‍വേ പോലീസ് യാത്രക്കാരനായ യുവാവിനെതിരെ ക്രൂരമായ മര്‍ദ്ദനമഴിച്ചു വിട്ടത്. കംപാര്‍ട്ടുമെന്റില്‍ പരിശോധനയ്ക്കു കയറിയ എഎസ്ഐ യാത്രക്കാരന്റെ കരണത്തടിച്ച് നിലത്തിട്ട് ബൂട്ടണിഞ്ഞ കാലുകൊണ്ടു ചവുട്ടുകയും വടകര റെയില്‍വേ സ്റ്റേഷനില്‍ വലിച്ചിഴച്ചു പുറത്തേക്കെറിയുകയുമായിരുന്നു. ഞായറാഴ്ച്ച രാത്രി മാവേലി എക്സ്പ്രസിലാണ് സംഭവം നടന്നത്.
യാത്രക്കാരന് മര്യാദയോടെ ഇരിക്കുന്നതിനിടെയാണ് ടിക്കറ്റ് ചോദിച്ച് പൊലീസ് എത്തിയതെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന് പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ക്രൂമമായ മര്‍ദ്ദനം കണ്ടതോടെ ഇടപെട്ടു. എന്നാല്‍ മറ്റ് യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്റെ വിശദീകരണം. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസുകാരന് തന്നോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ടിടിഇ യെ മാത്രമേ ടിക്കറ്റ് കാണിക്കൂ എന്ന് താന്‍ പറഞ്ഞുവെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന് പറഞ്ഞു.
മര്‍ദ്ദനമേറ്റ യാത്രക്കാരന് മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മദ്യപിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള നിയമ നടപടികളെടുക്കുകയാണ് വേണ്ടതെന്നിരിക്കെ ക്രൂരമായി മര്‍ദ്ദിക്കുകയാണ് പൊലീസുകാരന് ചെയ്തതെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന് പറഞ്ഞു.
മര്‍ദ്ദിച്ച യാത്രക്കാരന്റെ പേരോ മറ്റുവിവരങ്ങളോ ടിക്കറ്റോ ചോദിക്കാതെയാണ് പോലീസ് അതിക്രമം നടത്തിയതെന്നാണ് മറ്റു യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ ഈക്കാര്യം പിന്നീട് മര്‍ദ്ദനം അഴിച്ചുവിട്ട പോലീസ് എഎസ്ഐയും നിഷേധിച്ചിട്ടില്ല. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് തങ്ങള്‍ പരിശോധന നടത്തിയതെന്നും ടിക്കറ്റെടുക്കാതെ മറ്റു കംപാര്‍ട്ടുമെന്റുകളില്‍ കയറുന്നത് അക്രമവും പിടിച്ചു പറിയും നടത്തുന്നത് പതിവാണെന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.സംഭവം വിവാദമായതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.