കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ മൂന്ന് മാസത്തിനകം അറിയിക്കണമെന്നും കമ്മീഷന് അംഗം കെ ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിയോട് നിര്‍ദേശിച്ചു.
കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നല്കിയ പരാതിയില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച തന്നെ മാറാട് എസ്ഐ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ബേപ്പൂര്‍ സ്വദേശിയുടെ പരാതി പരിഗണിക്കവെയായിരുന്നു കമ്മീഷന്റെ ഉത്തരവ്. പരാതി തീര്‍പ്പാക്കി. ഉത്തരമേഖല ഐജിയില്‍ നിന്ന് കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇത് തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കുകയും ചെയ്തു.
2019 മെയിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പരാതിയില്‍ പറഞ്ഞിരിക്കുന്നത് പോലുള്ള സംഭവങ്ങള്‍ സ്റ്റേഷനിലുണ്ടായിട്ടില്ലെന്നാണ് ഭാര്യ അറിയിച്ചത്. അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി തീര്‍പ്പാക്കിയത്.
കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം വേണമെന്നും അന്വേഷണ വിഭാഗം ശുപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നിര്‍ദേശം.