വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അക്രമം പടരുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്മോര്‍ട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ ഗൂഢാലോചന അന്വേഷിക്കാനൊരുങ്ങി പൊലീസ്. പ്രാദേശിക ഇടപെടലുകള്‍ കേന്ദ്രീകരിച്ചാവും ആദ്യം അന്വേഷണം. ലോക്സഭ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടില്‍ തുടങ്ങിയ സംഘര്‍ഷവും വൈരാഗ്യവുമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ തര്‍ക്കങ്ങളും വൈരാഗ്യത്തിന് ആക്കം കൂട്ടി. അതിനാല്‍ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ആദ്യം പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടൊയെന്ന് അന്വേഷിക്കും. ഇതിനായി നേതാക്കളടക്കം ഒട്ടേറെപ്പേരെ ചോദ്യം ചെയ്യും.
വെഞ്ഞാറമൂട്ടിലേ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐഎം ഇന്ന് കരിദിനം ആചരിക്കും. ഇതിനോടനുബന്ധിച്ച് വൈകിട്ട് 4 മണി മുതല്‍ 6 മണി വരെ സംസ്ഥാനമൊട്ടാകെ ധര്‍ണകള്‍ സംഘടിപ്പിക്കും.