പുതിയ അധ്യയന വർഷത്തിൽ വിക്ടേഴ്സ് ചാനലിലൂടെ കുട്ടികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞു കൊടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവർക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
സമൂഹമാധ്യമങ്ങളിലൂടെ ചിലർ അധ്യാപികമാർക്കെതിരെ അശ്ളീല പരാമർശങ്ങൾ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകൾ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടതായി ഷാഹിദ കമാൽ പറഞ്ഞു.
ഇത് സാക്ഷരതയിലും സാംസ്ക്കാരിക നിലവാരത്തിലും മുന്നിലാണെന്ന് പറയുന്ന ജനതയ്ക്ക് ചേർന്ന പ്രവർത്തിയല്ലെന്നും വനിതാ കമ്മീഷൻ അംഗം അഭിപ്രായപ്പെട്ടു. സൈബർ ആക്രമണങ്ങൾക്കെതിരെ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഡോ ഷാഹിദ കമാൽ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചതിനു ശേഷം വനിതാ കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും.