ന്യൂയര്‍ ദിനത്തില്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത് വന്‍ ജനസാഗരം. ഇത്രയധികം പേരെ ഉള്‍ക്കൊള്ളാന്‍ തക്ക ശേഷിയില്ലാത്ത മൈതാനത്ത് ഇതിനനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളും മറ്റും അധികൃതര്‍ ഒരുക്കിയിരുന്നില്ല. പലപ്പോഴും ഉറപ്പില്ലാത്ത ബാരിക്കേടുകള്‍ വീണ് അപകടം സംഭവിക്കാതെ ജനം രക്ഷപ്പെട്ടത് തനാരിഴയ്ക്കാണ്.
രണ്ടു വര്‍ഷത്തെ കോവിഡ് ഇടവേളക്ക് ശേഷം വലിയ രീതിയിലുള്ള ജനപ്രവാഹം തന്നെയായിരുന്നു ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെത്തിയത്. പാപ്പാഞ്ഞി കത്തിക്കുന്ന ചടങ്ങും അതിനോടനുബന്ധിച്ചുള്ള പരിപാടികള്‍ക്കുമായി എറണാകുളം ജില്ലയുടെ പുറത്തു നിന്നുള്ളവരും വിദേശികളും ഉള്‍പ്പെടെ നിരവധി പേരാണ് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത്. പരേഡ് മൈതാനത്ത് നില്ക്കാന് സ്ഥലമില്ലാതായതോടെ ആളുകള്‍ സമീപത്തെ വീടുകളിലേക്ക് കൂടി ഇരച്ചുകയറുകയും ചെയ്തിരുന്നു.
തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസിനും സംഘാടകര്‍ക്കും വീഴ്ചയെന്ന് ആരോപണമുണ്ട്. ഇവിടേക്ക് എത്തിയവര്‍ക്ക് വേണ്ട മതിയായ സുരക്ഷാ – ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും വീഴ്ച പറ്റിയെന്നും ആരോപണമുണ്ട്. പ്രദേശത്ത് വലിയ രീതിയില്‍ പൊടി ശല്യം ഉണ്ടായിരുന്നു, ഉയരുന്ന പൊടി വെള്ളം തളിച്ച് കുറയ്ക്കാനുള്ള ക്രമീകരണങ്ങളൊന്നും അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. പൊടിയെ തുടര്‍ന്നുണ്ടായ ശ്വാസതടസം മൂലം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരക്കില്‍പ്പെട്ട് 200 -ല്‍ അധികം പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പൊലീസുകാര്‍ക്കുള്‍പ്പടെ നിരവധിയാളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. മറ്റ് ജീവനക്കാര്‍ ഇല്ലാത്തതും തിരിച്ചടിയായി.
പുതുവത്സരാഘോഷത്തിന് ശേഷം ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ബസ് സര്‍വീസ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഈ വാഗ്ദാനവും നടപ്പായില്ല. പലരും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് നടന്നും, ഓട്ടോ-ടാക്സിയിലും മറ്റുമാണ് വീടണഞ്ഞത്. റോഡരുകില്‍ പലര്‍ക്കും ഇരുന്നുറങ്ങേണ്ടി വരെ വന്നു.