കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് ഹൈക്കോടതി. കണ്ണൂരിലെ മലബാര്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് കോടതി ഉത്തരവുണ്ടായിട്ടും സര്‍വകലാശാലയില്‍ അഫിലിയേഷന് നല്‍കിയില്ലെന്നാണ് ആരോപണം.
സര്‍ക്കാരും ഹൈക്കോടതിയും അനുകൂല നിലപാട് സ്വീകരിച്ചിട്ടും കോളേജിന് അഫിലേഷന് നല്കാന് സര്‍വകലാശാല തയാറായില്ല. ഇതോടെയാണ് കോടതിലക്ഷ്യ ഹര്‍ജിയുമായി ട്രസ്റ്റ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. അഫിലിയേഷന് നല്കാന് ഹൈക്കോടതിയും നേരത്തെ നിര്‍ദേശിച്ചിരുന്നു.
ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്, രജിസ്റ്റര്‍ പ്രൊഫ ജോബി കെ ജോസ് എന്നിവര്‍ ഈ മാസം ഒന്‍പതിന് കോടതിയില്‍ നേരിട്ട് ഹാജരായി കാരണം അറിയിക്കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.