കോട്ടയം പായിപ്പാട് വീട്ടമ്മയെ പഞ്ചായത്ത് പ്രസിഡന്റ് മര്‍ദിച്ചതായി പരാതി. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹനനെതിരെയാണ് ആരോപണം. എന്നാല്‍ അയല്‍ വാസികള്‍ തമ്മിലുണ്ടായ പ്രശ്നം പറഞ്ഞ് തീര്‍ക്കാനെത്തിയ തന്നെ വീട്ടമ്മ മര്‍ദിച്ചുവെന്നാണ് പ്രസിഡന്റ് പറയുന്നത്. ഇരുവരുടെയും പരാതിയില്‍ പൊലീസ് കേസ് എടുത്തു.
തൃക്കൊടിത്താനം സ്വദേശിനിയായ ശാലിനിയുടെ മകന് അയല്‍ വാസിയുമായി ഉണ്ടായ തര്‍ക്കം പറഞ്ഞ് തീര്‍ക്കാനാണ് പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇവരുടെ വീട്ടില്‍ എത്തുന്നത്. എന്നാല്‍ പ്രശ്നം പറഞ്ഞ് തീര്‍ക്കാനെത്തിയ പ്രസിഡന്റ് മോശമായി പെരുമാറിയെന്നും മര്‍ദിച്ചെന്നുമാണ് ശാലിനി പറയുന്നത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പ്രസിഡന്റ് വസ്ത്രം വിലിച്ച് കീറിയെന്നും ആരോപണമുണ്ട്.
അതേസമയം പ്രസിഡന്റ് ഈ ആരോപണങ്ങള്‍ എല്ലാം തള്ളുകയാണ്. ഒത്തു തീര്‍പ്പിന് ചെന്ന തന്നെ യാതൊരു കാരണവുമില്ലാതെ ശാലിനിയും മകനും ആക്രമിച്ചുവെന്നാണ് പ്രസിഡന്റ് പറയുന്നത്. സി.പി.എം നേതാവായ പഞ്ചായത്ത് പ്രസിഡന്റിനെ പിന്തുണച്ച് ബി.ജെ.പിയും രംഗത്ത് വന്നിട്ടുണ്ട്.
ഇരുവരുടെയും പരാതിയില്‍ തൃക്കൊടിത്താനം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുകൂട്ടരും ആരോപണങ്ങളില്‍ ഉറച്ച് നില്ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.