ബലാല്‍സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസില്‍ എം.എല്‍.എയെ കസ്റ്റഡിയിലെടുത്ത് കുടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം.
കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ച കോടതി എല്‍ദോസ് കുന്നപ്പിള്ളിലിന് നോട്ടിസ് അയച്ചിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക. കര്‍ശന ഉപാധികളോടെ തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് എല്‍ദോസിന് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് എല്‍ദോസിനെ ഇന്ന് ആലുവയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ഇതിനിടെ എല്‍ദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ നാല് പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തിരുന്നു. മൂന്ന് അഭിഭാഷകരെയും ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.