കണ്സെഷന് പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നില്‍വെച്ച് മര്‍ദ്ദിച്ച കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്. കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘം തിരുമലയില്‍ നിന്നാണ് സുരേഷിനെ പിടികൂടിയത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി വിവാദമായിരുന്നു.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന് മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരന് എസ്ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റന്റ് മിലിന് ഡോറിച്ച് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ആറ് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മര്‍ദ്ദിച്ച പ്രതികള്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
സെപ്റ്റംബര്‍ 20നാണ് മകളുടെ കണ്സെഷന് പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് കയ്യേറ്റം ചെയ്തത്.