ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആരെയും കടത്തിവിടാതെ പൊലീസ്. മാധ്യമസംഘത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ റോഡുകളും അടച്ചു. പുറത്തുനിന്ന് ആര്‍ക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയില്‍ പൊലീസ് നിലയുറപ്പിച്ചിരിക്കുന്നു.
കുടുംബത്തിന്റെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ചതില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ അസാധാരണ നടപടി.
അന്വേഷണസംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിനാലാണ് മാധ്യമങ്ങളെ വിലക്കിയതെന്ന് ഹത്രാസ് എ.ഡി.എം അശോക് കുമാര്‍ ശുക്ല പറഞ്ഞു. നിലവില്‍ ക്രമസമാധന പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.