സ്പ്രിന്‍ക്ലര്‍ കരാറില്‍ സര്‍ക്കാരിനെയും എം.ശിവശങ്കറിനെയും വെള്ളപൂശി രണ്ടാം അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. കരാറിന് പിന്നില്‍ ശിവശങ്കറിന് ദുരുദ്ദേശമില്ലായിരുന്നു എന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തിന്റെ താല്പര്യം ഹനിക്കപ്പെട്ടതിന് തെളിവില്ല. റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് സ്പ്രിന്‍ക്ലര്‍ കരാറിനെ കുറിച്ച് ആദ്യം അന്വേഷിച്ച കമ്മിറ്റിയുടെ അധ്യക്ഷന്‍ മാധവന് നമ്പ്യാര്‍ പറഞ്ഞു.
സ്പ്രിന്‍ക്ലര്‍ കരാര്‍ സംസ്ഥാന താല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്നും ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് മേല്‍ സ്വകാര്യ കമ്പനിക്ക് സമ്പൂര്‍ണ അവകാശം നല്കുന്ന സ്ഥിതിയുണ്ടായെന്നുമായിരുന്നു മാധവന് നമ്പ്യാര്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. തിരഞ്ഞെടുപ്പ് സമയത്ത് ഈ റിപ്പോര്‍ട്ട് തിരിച്ചടിയാകാതിരിക്കാനായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം പഠിക്കാന്‍ രണ്ടാമതൊരു കമ്മിറ്റിയെ വച്ചത്.
കമ്മിറ്റി ഏപ്രില്‍ 20 ന് നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സന്തോഷം പകരുന്നതാണ്. കരാറില്‍ ഏര്‍പ്പെട്ടത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ചുമലിലാണ് വച്ചിരിക്കുന്നത്.
കരാറിലെത്തും മുമ്പ് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയേയും അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിയമ, ധനവകുപ്പുകളുമായി ശിവശങ്കര്‍ കൂടിയാലോചന നടത്തിയില്ല. സുപ്രധാനവ്യക്തിവിവരങ്ങള് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ നല്കുമ്പോള് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല.
ഡേറ്റയുടെ അടിസ്ഥാനസുരക്ഷാമാര്ഗങ്ങള് പോലും ഉറപ്പാക്കാതെയാണ് ശിവശങ്കര്‍ സ്പ്രിന്‍ക്ലറുമായി ഇടപെട്ടത്. ഇതൊക്കെയാണെങ്കിലും അന്ന് സംസ്ഥാനത്തുണ്ടായിരുന്ന അസാധാരണസാഹചര്യം പരിഗണിക്കുമ്പോള്‍ ശിവശങ്കറിന് ദുരുദ്ദേശമില്ലായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഈ രാഷ്ട്രീയ കണ്ടെത്തല്‍ മാധവന് നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. രണ്ടാമത്തെ സമിതിയുടെ പ്രവര്‍ത്തനത്തിന് 5.27 ലക്ഷം രൂപയാണ് ചെലവ്. എന്നാല്‍ ആദ്യകമ്മിറ്റിയിലെ അംഗങ്ങളായിരുന്ന എം.മാധവന് നമ്പ്യാര്‍ക്കോ ഡോ. ഗുല്‍ഷന്‍ റോയിക്കോ ഒരു രൂപ പോലും പ്രതിഫലം നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ട് അച്ചടിച്ചതിന്റെ ചെലവു പോലും സര്‍ക്കാരല്ല വഹിച്ചത്.