വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷജിത്ത്, നജീബ് അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാല് പേര്‍ക്കും ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.
പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്.ഐ.ആറില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. ഡി.വൈ.എഫ്.ഐക്കാരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആസൂത്രണം. വാളും കത്തിയും ഉപയോഗിച്ച് ആറ് പേര് ചേര്‍ന്ന് കൊലനടത്തി. നേരത്തെ ഡിവൈ.എഫ്.ഐക്കാരനായ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സജീവ്, അന്‍സാര്‍ എന്നിവരെയാണ് എഫ്.ഐ.ആറില്‍ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്തിരിക്കുന്നത്.
പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് പറയുമ്പോഴും കൊലയുടെ കാരണം രാഷ്ട്രീയവൈരാഗ്യമെന്ന് എഫ്.ഐ.ആറില്‍ നേരിട്ട് പറയുന്നില്ല. നിയമപരമായി അങ്ങിനെ പറയേണ്ടതില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. സജീവ്, സനല്‍, അജിത്ത്, എന്നിവര്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഇന്നലെ പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇന്നലെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിച്ചു. വെഞ്ഞാറമൂട്, വെമ്പായം, കന്യാകുളങ്ങര, പേട്ട തുടങ്ങി വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി.