വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. അന്‍സര്‍, ഉണ്ണി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
ഇതോടെ കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് പിടികൂടി. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസിലെ പ്രതികളെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്.ഐ.ആറില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. ഡി.വൈ.എഫ്.ഐക്കാരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആസൂത്രണം. വാളും കത്തിയും ഉപയോഗിച്ച് ആറ് പേര് ചേര്‍ന്ന് കൊലനടത്തി. നേരത്തെ ഡിവൈ.എഫ്.ഐക്കാരനായ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സജീവ്, അന്‍സാര്‍ എന്നിവരെയാണ് എഫ്.ഐ.ആറില്‍ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്തിരിക്കുന്നത്.