ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും നേരെയുണ്ടായ അതിക്രമത്തില്‍ ഇടപെട്ട് വനിതാ കമ്മിഷന്. വിഷയത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലങ്ങാട് പൊലീസിന് നിര്‍ദേശം നല്കി. വിവാഹത്തെ കച്ചവടമായി കാണുന്നത് ഗുരുതരമെന്ന് വനിതാ കമ്മിഷന് അംഗം ഷിജി ശിവജി പറഞ്ഞു.
ഇന്നലെയാണ് ആലുവ ആലങ്ങാട്ട് ഗര്‍ഭിണിക്കും പിതാവിനും മര്‍ദനമേറ്റത്. ആലുവ തുരുത്ത് സ്വദേശി സലീം, മകള്‍ നൗലത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഭര്‍ത്താവ് ജൗഹറാണ് ഇവരെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏഴ് മാസം മുന്‍പായിരുന്നു ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം. പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം രൂപ സ്വര്‍ണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നല്‍കിയത്. ഈ പണം ഉപയോഗിച്ച് ജൗഹര്‍ വീടുവാങ്ങി. മാസങ്ങള്‍ കഴിഞ്ഞതോടെ ഇയാള്‍ വീട് വില്ക്കാന് ശ്രമം നടത്തി. ഇക്കാര്യം നൗലത്ത് പിതാവിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാന്‍ സലീം, ജൗഹറിന്റെ വീട്ടിലെത്തി.
വീട് വില്ക്കാന് അനുവദിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്നുമായിരുന്നു ജൗഹര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സലീം ഇതിന് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് മര്‍ദനം.പിതാവിനെ മര്‍ദിക്കുന്നത് കണ്ട് എത്തിയ നൗലത്തിനെ ജൗഹര്‍ മര്‍ദിച്ചു. അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ നൗലത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.