കൊടകര കള്ളപ്പണ കവർച്ചാകേസിൽ രണ്ട് പേർ കൂടി പിടിയിൽ. കേസിലെ 15ആം പ്രതി ഷിഗിലും , ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച റാഷിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പത്തിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.
ഇയാളെ ഇന്ന് തന്നെ ചോദ്യം ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. പത്തരയോടെ ഇവരെ തൃശൂരിൽ എത്തിക്കും. ഉത്തരാഞ്ചൽ ഉൾപ്പെടെ പലയിടങ്ങളിലായാണ് ഷിഗിൽ ഒളിവിൽ കഴിഞ്ഞിരുന്നത് പൊലീസ് പലതവണ ശ്രമിച്ചിട്ടും ഇയാളെ പിടികൂടാൻ പറ്റിയിരുന്നില്ല.
അതേസമയം, കവര്‍ച്ച കേസിലെ ആറുപ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. മൂന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികളായ മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂര്‍, രഞ്ജിത്, റഹിം, ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടുകോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ടെന്നും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.