കൊച്ചി: ലൈംഗിക പീഡന പരാതിയിന്മേല് സംവിധായകന് വി കെ പ്രകാശ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ചൂണ്ടികാട്ടിയാണ് വികെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും വികെ പ്രകാശ് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ലൈംഗികാതിക്രമ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം യുവകഥാകൃത്തിന്റെ മൊഴിയെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയാണ് മൊഴിയെടുത്തത്. അന്വേഷണ സംഘം കൊച്ചിയിലെത്തിയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സംവിധായകന് വി കെ പ്രകാശിനെതിരെ ഗുരുതര ആരോപണമാണ് യുവ കഥാകൃത്ത് ഉയര്‍ത്തിയിരുന്നത്. ആദ്യ സിനിമയുടെ കഥ പറയാന്‍ ചെന്നപ്പോള്‍ മോശമായി പെരുമാറിയെന്നാണ് യുവ കഥാകൃത്ത് പറഞ്ഞിരുന്നത്. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.