കൊച്ചി: ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. കെട്ടിട ഉടമകളുടെ ഹരജിയിലാണ് കോടതി സ്റ്റേ അനുവദിച്ചത്.
വീടുകളും നിര്‍മാണങ്ങളും പൊളിച്ചുനീക്കുന്നതിന് കവരത്തിയില്‍ 107, സുഹേലി 22, ചെറിയം 18, കല്പേനി 19 എന്നിങ്ങനെ ഉടമകള്‍ക്ക് ലക്ഷദ്വീപ് ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു. നാളെക്കകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ നേരിട്ടെത്തി പൊളിച്ചുനീക്കുമെന്നും അതിനുള്ള തുക കെട്ടിട ഉടമയില്‍നിന്ന് ഈടാക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. സംയോജിത ദ്വീപ് മാനേജ്മെന്റ് പ്ലാന്‍ (ഐ.ഐ.എം.പി) ചൂണ്ടിക്കാട്ടിയാണ് കവരത്തിയില്‍ വീടുകളും ശുചിമുറികളും പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍, ഐ.ഐ.എം.പി പ്രകാരം തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്കും താല്‍ക്കാലിക ഷെഡുകള്‍ക്കും ഇളവുണ്ടെന്ന് ജനങ്ങള്‍ മറുപടിനൽകി. മാത്രമല്ല, 2012ല്‍ ഐ.ഐ.എം.പി പ്രാബല്യത്തില്‍ വരുന്നതിന് മുൻപുള്ള വീടുകളാണ് തീരത്തുള്ളതില് ഭൂരിഭാഗമെന്നും അതിനാല്‍ മാനദണ്ഡം ബാധകമാകില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. തീരത്തുനിന്ന് 50 മുതല്‍ 100 മീറ്റര്‍ പരിധിയില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങളാണ് പലതും. എന്നാല്‍, കടലേറ്റത്തെ തുടര്‍ന്ന് കടലും കരയും തമ്മിലുള്ള അകലം കുറയുകയായിരുന്നു.
ഇതാണ് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടത്. ഇവയില്‍ ഭൂരിഭാഗവും കര്‍ഷകര്‍ നാളികേരം സൂക്ഷിക്കാനും മത്സ്യത്തൊഴിലാളികള്‍ സാമഗ്രികള്‍ സംരക്ഷിക്കാനും തയാറാക്കിയിട്ടുള്ള താല്‍ക്കാലിക ഷെഡുകളാണെന്നും ദ്വീപുനിവാസികൾ പറഞ്ഞു.