കൊച്ചി: അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി. ജഡ്ജ് കെ അനില്‍ കുമാറിനെയാണ് പാല മോട്ടോര്‍ വാഹന പരാതി പരിഹാര ട്രൈബ്യൂണല്‍ ജഡ്ജായി ഹൈക്കോടതി സ്ഥലം മാറ്റിയത്. ഇയാള്‍ ചേംബറില്‍ വെച്ച് കടന്നു പിടിച്ചെന്ന് ആരോപിച്ച് ലക്ഷദ്വീപില്‍ നിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
മാര്‍ച്ച് 11നാണ് അനില്‍ കുമാറിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് അഭിഭാഷക പരാതി നല്‍കിയത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്കു വിളിപ്പിക്കുകയും കടന്നുപിടിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഇതു തനിക്കു മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാല്‍ കേസുകളില്‍ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു സ്ഥലംമാറ്റം. എന്നാല്‍ ഭരണപരമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്.