തിരുവനന്തപുരം: പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്. സമരം ചെയ്യുക എന്നത് പൗരന്റെ മൗലിക അവകാശമാണ്. ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പണിമുടക്ക് വിലക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആനത്തലവട്ടം ആനന്ദന് പ്രതികരിച്ചു.
സുപ്രിംകോടതിയെക്കാള്‍ വലിയ കോടതിയല്ലല്ലോ ഹൈക്കോടതിയെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് ഡയസ്നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതികരണം. അവകാശബോധമുള്ള ജീവനക്കാരെ ഓലപ്പാമ്പു കാണിച്ച് മാറ്റിനിര്‍ത്താനാവില്ല. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഇന്നും പങ്കാളികളാകുമെന്ന് ആനത്തലവട്ടം കൂട്ടിച്ചേര്‍ത്തു.
കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് സമിതി സമരവിരോധികളെ പോലെയാണ് പെരുമാറുന്നതെന്നും ആനത്തലവട്ടം ആനന്ദന് പ്രതികരിച്ചു. നിര്‍ബന്ധമായി കടകള്‍ അടപ്പിക്കില്ല. കടകള്‍ തുറന്നാലും വാങ്ങാന്‍ ആളുവേണ്ടേയെന്നും ആനത്തലവട്ടം ചോദിച്ചു.
ജനങ്ങളെ ഉപദ്രവിക്കണമെന്നത് സമര സമിതിയുടെ നിലപാടല്ല. നവംബര്‍ മാസം മുതല്‍ പണിമുടക്കുമായി സഹകരിക്കണമെന്ന് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളോടും ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് ദേശത്തിന് വേണ്ടിയാണ്, തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മാത്രമുള്ളതല്ല. ഏഴരപതിറ്റാണ്ടോളം രാജ്യം അധ്വാനിച്ചുണ്ടാക്കിയത് കേന്ദ്രം വിറ്റുതുലയ്ക്കുകയാണ്. ഇനി കുറേ മനുഷ്യരും ഒരു ഊഷരഭൂമിയും മാത്രമേ ബാക്കിയുള്ളൂ. ഇതിനെതിരെയാണ് ജനം അണിനിരന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.