മൂവാറ്റുപുഴ : 2022 വര്‍ഷത്തെ മികച്ച പാനല്‍ അഭിഭാഷകനെന്ന നിലയില്‍ കാഴ്ചവച്ച മികവിനുള്ള പ്രത്യേക പുരസ്കാരം മൂവാറ്റുപുഴ ബാറിലെ അഡ്വ. അജിത് എം. എസ്. നേടി. സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. പതിന്നാല് ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി പാനലിലെ അഭിഭാഷകരില്‍ നിന്നാണ് ഒരു പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.
ഹൈക്കോടതി ആഡിറ്റോറിയത്തില്‍ നടന്ന കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ (കെല്‍സ) ആന്വല്‍ കോണ്‍ഫറന്‍സില്‍ വച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് പുരസ്ക്കാരം സമ്മാനിച്ചു. കെല്‍സയുടെ എറണാകുളം ജില്ലാ സെകട്ടറിയും സബ് ജഡ്ജുമായ രഞ്ജിത് കൃഷ്ണന്, കെല്‍സ മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ നിസാര്‍ അഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രിന്‍സിപ്പല്‍ ജില്ലാ, സെഷന്‍സ് ജഡ്ജിമാര്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കമ്മിറ്റി സെക്രട്ടറിമാര്‍, താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്മാന്മാര് തുടങ്ങിയ കെല്‍സ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.