ന്യൂഡല്‍ഹി: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ കേസില്‍ ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എംപി സ്ഥാനം അയോഗ്യമാക്കപ്പെടാന് കാരണമായ കേസിലെ ശിക്ഷ സസ്പെന്‍ഡ് ചെയ്തതിനാല്‍ ലോക്സഭയില്‍ ഹാജരാകാന്‍ അനുവദിക്കണം എന്നാണ് പ്രധാന ഹര്‍ജി. ഇതോടൊപ്പം കേസിലെ ശിക്ഷ സസ്പെന്‍ഡ് ചെയ്തതിന് എതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ശിക്ഷ സസ്പെന്‍ഡ് ചെയ്തുള്ള കേരള ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നതായി ഫൈസലിനായി ഹാജരായ അഭിഭാഷകന് മനു സിംഘ്വി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് മുമ്പാകെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച്ച ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വരുമെന്നും അദ്ദേഹം വ്യക്തമാക്കിയതോടെയാണ് ബന്ധപ്പെട്ട ഹര്‍ജിക്കൊപ്പം ഫൈസലിന്റെ ഹര്‍ജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സമ്മതിച്ചത്.
മുന്‍ കേന്ദ്രമന്ത്രി പിഎം സെയ്ദിന്റെ മരുമകന് മുഹമ്മദ് സ്വാലിഹിനെ സംഘംചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് മുഹമ്മദ് ഫൈസലിന്റെ പേരിലുള്ള കേസ്. 2009 ഏപ്രില്‍ 16നാണ് സംഭവം നടന്നത്. കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് വിധിക്കുകയും എംപി എന്ന നിലയില്‍ ഫൈസലിനെ അയോഗ്യനാക്കിയ വിഞ്ജാപനം തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ 2024ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുറഞ്ഞ കാലയളവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ പ്രത്യാഘാതമടക്കം കണക്കിലെടുത്താണ് ഫൈസലിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി ഹൈക്കോടതി മരവിപ്പിച്ചത്.