കൊച്ചി: കൊച്ചിയിലെ വൈഗ(10) കൊലക്കേസില്‍ അച്ഛന് സനുമോഹന് കുറ്റക്കാരനെന്ന് എറണാകുളത്തെ പ്രത്യേക കോടതി. പ്രതിക്കെതിരേ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു.
ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി.
കൊലപാതക കുറ്റം, തെളിവ് നശിപ്പിക്കല്‍, ജുവൈനല്‍ ജസ്റ്റീസ് പ്രകാരമുള്ള വിവിധ കുറ്റങ്ങള്‍ എന്നിവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. ശിക്ഷാ വിധിയില്‍ വാദം ഉച്ചകഴിഞ്ഞു നടക്കും.
2021 മാര്‍ച്ച് 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന സനുവിനെയും വൈഗയേയും കാണാതാവുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭച്ചെങ്കിലും അടുത്തദിവസം കൊച്ചി മുട്ടാര്‍ പുഴയില്‍ നിന്നും വൈഗയുടെ മൃതദേഹമാണ് കണ്ടെത്താനായത്.
മകള്‍ക്കൊപ്പം കാണാതായ സനുവിനെ ഒരു മാസത്തിന് ശേഷം കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. പിന്നീടാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മകളെ ഇല്ലാതാക്കുകയായിരുന്നു സനുവിന്റെ ലക്ഷ്യം. കായകുളം കരീലകുളങ്ങരയിലേക്കെന്നുപറഞ്ഞ് യാത്ര ആരംഭിച്ച ഇയാള്‍ വഴിയില്‍വച്ച് കോളയില്‍ മദ്യം കലര്‍ത്തി വൈഗയെ കുടിപ്പിച്ചു. തുടര്‍ന്ന് ഫ്ലാറ്റിലെ വിസിറ്റിംഗ് മുറിയില്‍ എത്തിച്ച് മുണ്ട് കൊണ്ട് കുഞ്ഞിന്റെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചു.
ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് പ്രതി മുട്ടാര്‍ പുഴയിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. വൈഗയുടെ മൂക്കില്‍ നിന്ന് പൊടിഞ്ഞ രക്തത്തുള്ളികള്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തുടച്ച് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു.
കൊലപാതകത്തിനുശേഷം മകളുടെ ആഭരണങ്ങളും കവര്‍ന്ന ഇയാള്‍ കോയമ്ബത്തൂരിലേക്കാണ് ഒളിവില്‍ പോയത്. ആഭരണം വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം.
ബംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സനുമോഹനെ ഒരു മാസത്തോളമെടുത്താണ് പോലീസ് പിടികൂടിയത്.