കൊച്ചി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിനെതിരെ നടപടി. “വണ്‍ നേഷൻ, വണ്‍ വിഷൻ, വണ്‍ ഇന്ത്യ’ എന്ന നാടകത്തിലൂടെ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന പരാതിയില്‍ അസിസ്റ്റന്റ് രജിസ്ട്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം. സുധീഷിനെയും സസ്പെൻഡു ചെയ്തു.
അസി. റജിസ്ട്രാർ ടിഎ സുധീഷ് ആണ് നാടകം രചിച്ചത്.
ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും നല്കിയ പരാതിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സംഭവം വിജിലൻസ് റജിസ്ട്രാർ അന്വേഷിക്കും. ‘വണ്‍ നേഷൻ, വണ്‍ വിഷൻ, വണ്‍ ഇന്ത്യ’ എന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തില്‍ ഒൻപതു മിനിറ്റോളം രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചുവെന്നാണ് പരാതി.
പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും നാടകത്തില്‍ അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു. ഹൈക്കോടതി ജീവനക്കാരും അഡ്വ.ജനറല്‍ ഓഫിസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണു നാടകം അവതരിപ്പിച്ചത്.