മുവാറ്റുപുഴ: അനധികൃതമായി സ്ഥലം കൈയേറിയ ഭൂമാഫിയ സ്ഥലമുടമയ്ക്കെതിരേ കള്ളക്കേസ് നല്‍കിയതായി പരാതി. കദളിക്കാട് തെക്കുംമലയില്‍ മെട്രോ ബ്രിക്സിനു സമീപം വഴി വീതി കൂട്ടുന്നതിനായി അനധികൃതമായ നടത്തിയ കൈയേറ്റത്തെത്തുടര്ന്നാണ് കൈയേറ്റക്കാര്‍ തന്നെ ഉടമയ്ക്കെതിരേ വ്യാജ കേസ് നല്‍കിയത്. പൈങ്ങോട്ടൂര്‍ സ്വദേശിയായ രതീഷ് രവി,യൂസഫ് എന്നിവരാണ് സ്ഥലം കൈയേറി ഉടമയ്ക്കെതിരേ കോടതിയില്‍ കേസ് നല്‍കിയത്.
ഇവിടെയുള്ള ഒരു പുരയിടത്തിലേക്ക് പ്രവേശിക്കുന്നത് പഞ്ചായത്തു റോഡിനോടു ചേര്‍ന്നുള്ള പുരയിടത്തിന്റെ അതിരില്‍ പത്തടി വീതിയിലുള്ള വഴിയിലൂടെയാണ്. പിന്നിലുള്ള ആ സ്ഥലത്തേക്ക് പന്ത്രണ്ടടി വീതിയില്‍ വഴിയുണ്ടാക്കി ടാര്‍ ചെയ്തു നല്കാന് രതീഷ് ക്വട്ടേഷനെടുത്തതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മറ്റൊരു സ്ഥലത്ത് താമസിക്കുന്ന സ്ഥലമുടമ അറിയാതെ പത്തടി വീതിയുള്ള വഴിയുടെ അരികിലെ തോട്ടത്തില്‍ നിന്ന് ജെസിബി ഉപയോഗിച്ച് കഴിഞ്ഞ എട്ടിന് രണ്ടടി വീതിയില്‍ തൊണ്ണൂറു മീറ്ററോളം ദൈര്‍ഘ്യത്തില്‍ ബലമായി മണ്ണിടിച്ച് വഴിയാക്കിയിരിക്കുകയാണ് എന്നാണ് പരാതി.
വാഴക്കുളം പോലീസില്‍ സ്ഥലമുടമ നല്കിയ പരാതിയെ തുടര്‍ന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ എല്‍ദോ പോള്‍,എസ്ഐ കെ.ജെ ഷാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സ്ഥലത്തെ ടാറിംഗ് ജോലികള്‍ നിര്‍ത്തിവയ്ക്കുന്നതിനും റബര്‍ തോട്ടത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ കൈയേറിയ സ്ഥലം തിരികെ എടുക്കുന്നതിന് ഉടമയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതനുസരിച്ച് മതിലും മുള്ളു കമ്പിയും സ്ഥാപിച്ച് ഉടമ സ്ഥലം വഴിയില്‍ നിന്ന് വേര്‍തിരിച്ച് എടുത്തിരുന്നു.എന്നാല്‍ 19 ന് രാത്രിയില്‍ ഇതെല്ലാം നശിപ്പിച്ച് വഴി പന്ത്രണ്ടടി വീതിയില്‍ മെറ്റല്‍ ചെയ്ത് 20ന് രാവിലെ 7.30 നു തന്നെ കമ്മീഷനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിച്ച് കേസ് നല്‍കുകയായിരുന്നു.
പോലീസ് നല്കിയ നിര്‍ദേശമനുസരിച്ച് നിര്‍മിച്ച മതിലും മറ്റും നശിപ്പിച്ചത് സംബന്ധിച്ച് ഉടമ നല്കിയ പരാതിയിന്മേല് വാഴക്കുളം പോലീസ് കേസെടുത്തിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ മണ്ണിടിഞ്ഞ് കൃഷിയിടം അപകടത്തിലാകാന്‍ സാധ്യതയുള്ളതിനാല്‍ കരിങ്കല്ലുപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മിക്കാനുള്ള അടിയന്തര നീക്കത്തിലാണ് സ്ഥലമുടമയിപ്പോള്. സ്ഥലം കൈയേറ്റക്കാരുടെ താമസത്തിനുള്ള വില്ലകള്‍ നിര്‍മിച്ചു നല്കുന്ന പദ്ധതിക്ക് തടസം നിന്നതായ വ്യാജ കേസും നേരിടേണ്ട അവസ്ഥയിലാണ് ഉടമ.
കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഈ മാസം എട്ടുവരെ പത്തടി വീതിയിലാണ് ഇവിടെ വഴിയുണ്ടായിരുന്നതെന്ന് ഉടമ പറഞ്ഞു.ടാര്‍ വഴിയുടെ പ്രയോജനമുള്ളവര്‍ ഭൂമാഫിയക്ക് ഒത്താശ നല്‍കിയതായും ഉടമ ആരോപിച്ചു. ഭൂമാഫിയയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളുടെ സൈ്വരജീവിതത്തിന് ഭീഷണിയായിരിക്കുകയാണ്. സിപിഎം ലോക്കല്‍ സെക്രട്ടറി എം.കെ മധു സ്ഥലം സന്ദര്‍ശിച്ചു. ഭൂമാഫിയയുടെ ഇത്തരം കൈയേറ്റങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തിന് കനത്ത ഭീഷണി ഉയര്‍ത്തുന്ന പ്രവണത അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.