തിരുവനന്തപുരം: അധ്യാപകന് തൊട്ടത് ‘ബാഡ് ടച്ച്’ ആണെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയാണ് അപേക്ഷ തള്ളി പ്രതിയെ റിമാന്‍ഡ് ചെയ്തത്. മാതൃകയാകേണ്ട അധ്യാപകന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ലെന്നും സമൂഹത്തില്‍ തെറ്റായ സന്ദേശം നല്കുന്നതിനാല് പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
പരാതി ഇങ്ങനെ
സ്കൂളിലെ സംഗീത അധ്യാപകനായ ജോമോന് എതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.പ്രതി പലതവണ തന്റെ ശരീര ഭാഗങ്ങളില്‍ പിടിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്കി. ഇത് ‘ബാഡ് ടച്ച്’ ആണെന്ന് തോന്നിയതുകൊണ്ടാണ് പരാതിപ്പെട്ടതെന്ന് വിദ്യാര്‍ഥിനി പരാതിയില്‍ പറഞ്ഞു. ക്ലാസ് മുറിയുടെ പുറത്തുവെച്ച് കാണുമ്പോഴെല്ലാം തന്നെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും പറഞ്ഞിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഫെബ്രുവരി പത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ മറ്റൊരു വിദ്യാര്‍ഥിനിയും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം താന്‍ നിരപരാധിയാണെന്നും ഈ കേസുമായി ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ അധ്യാപകനായ പ്രതി നടത്തിയ കുറ്റകൃത്യം അംഗീകരിക്കാനാവില്ലെന്ന് ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ കോടതിയില്‍ പറഞ്ഞു.പ്രതിക്കെതിരെ മറ്റൊരു പരാതി കൂടി ലഭിച്ചതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.