കോഴിക്കോട്: ആണ്‍സുഹൃത്തിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് റഷ്യന്‍ യുവതി. സംഭവത്തില്‍ അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശി അഖില്‍ നിര്‍ബന്ധിച്ച് ലഹരി നല്കി തന്നെ ശാരീരികമായും മാനസികമായും പീഡനത്തിനിരയാക്കിയിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റഷ്യന്‍ യുവതിയുടെ മൊഴി ദ്വിഭാഷിയുടെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് പൊലീസ് രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്തും. യുവതിയെ റഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് കൂരാച്ചുണ്ട് സ്വദേശിയെ പരിചയപ്പെട്ടതെന്നും, യുവാവ് ലഹരിക്ക് അടിമയാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. ആത്മഹത്യാശ്രമം നടത്തിയെന്നും വീടിന് മുകളില്‍ നിന്ന് ചാടിയതാണെന്നും യുവതി സമ്മതിക്കുകയും ചെയ്തു.യുവതിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായതോടെയാണ് പൊലീസ് അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന വനിത കമ്മീഷന് കൂരാച്ചുണ്ട് പൊലീസിനോട് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിരുന്നു.
സംഭവത്തില്‍ അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശി അഖിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.