ന്യൂഡല്‍ഹി: നിരോധിത സംഘടനകളിലെ കേവല അംഗത്വം പോലും യുഎപിഎ ചുമത്താവുന്ന കുറ്റമാണെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. വിഷയത്തില്‍ 2011ല്‍ പുറപ്പെടുവിച്ച സുപ്രീംകോടതി വിധികളെ മറികടന്നാണ് പുതിയ ഉത്തരവ്. യുഎപിഎ നിയമത്തിലെ സെക്ഷന്‍ 10 (a)(i) അടിസ്ഥാനത്തിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ എം ആര് ഷാ, സി ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേത് ആണ് വിധി.
അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ നിരോധിത സംഘടനകളിലെ വെറും അംഗത്വം യുഎപിഎ, ടാഡ എന്നിവ പ്രകാരം പര്യാപ്തമല്ലെന്നായിരുന്നു സുപ്രീംകോടതി അന്ന് പറഞ്ഞത്. അരുപ് ഭുയാന്‍ V/S സ്റ്റേറ്റ് ഓഫ് ആസാം, റനീഫ് V/S സ്റ്റേറ്റ് ഓഫ് കേരള എന്നീ കേസുകളിലായിരുന്നു 2011 വിധി.
ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജു, ജസ്റ്റിസ് ഗ്യാന്‍ സുധാ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് അംഗത്വം കുറ്റകരമല്ലെന്ന് വിധിച്ചത്. 2014 ല്‍ വിഷയം ഒരു വിശാല ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവായിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് വിഷയത്തില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ നീക്കം.