കൊച്ചി: ബലാത്സംഗക്കേസില്‍ സിനിമാ നിര്‍മ്മാതാവിന് മുന്‍കൂര്‍ ജാമ്യത്തിന് ജഡ്ജിക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ സൈബി ജോസ് വാങ്ങിയത് 25 ലക്ഷം രൂപയെന്ന്. സൈബി ജോസ് കിടങ്ങൂരിനെതിരെ ഹൈക്കോടതി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടി ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ പണം കൈപ്പറ്റിയെന്ന പരാതിയിലാണ് ഹൈക്കോടതി വിജിലന്‍സ് ടീമിന്റെ അന്വേഷണം നടക്കുന്നത്. നാല് അഭിഭാഷകരാണ് വിജിലന്‍സ് വിഭാഗത്തിന് മൊഴി നല്‍കിയത്.
പ്രമുഖ സിനിമ താരങ്ങളും വന്‍കിട ബിസിനസുകാരുമാണ് സെബിയുടെ കക്ഷികളിലേറെയും, അത്യാഡംബര വാഹനങ്ങളടക്കം സൈബിയുടെ കാര്‍ ശേഖരത്തിലുണ്ട്. മൂന്ന് ജഡ്ജിമാരുടെ പേരിലാണ് പ്രധാനമായും പണം കൈപ്പറ്റിയതെന്നാണ് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. 72 ലക്ഷം കൈപ്പറ്റിയെന്ന് അഭിഭാഷകര്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയും കേസില്‍ നിര്‍ണ്ണായകമാകും.
അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനാണ് വിജിലന്‍സ് നിര്‍ദേശം.
ജഡ്ജിമാരുടെ പേരില്‍ വന്‍ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനാല്‍ അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനാണ് വിജിലന്‍സ് നിര്‍ദേശം. കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്.അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ ചെയ്യാമെന്ന് ഹൈക്കോര്‍ട്ട് വിജിലന്‍സ് വിഭാഗം അറിയിച്ചിട്ടുണ്ട്. ബലാത്സംഗക്കേസില്‍ പ്രതിയായ സിനിമാ നിര്‍മാതാവിന്റെ മുന്‍കൂര്‍ ജാമ്യത്തിന്, കേസ് പരിഗണിച്ച ജഡ്ജിക്ക് നല്‍കാനെന്നപേരില്‍ 25 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ജഡ്ജിമാരുടെ പരാതിയില്‍ ഹൈക്കോടതി രജിസ്ട്രാറാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു അന്വേഷണം.