കൊച്ചി: കോടതി ഉത്തരവിനു ശേഷവും ശാന്തന്‍പാറയിലെ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണം നടന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്നാണ് സി.പി.എം. ന്യായീകരണമായി പറഞ്ഞത്. വിഷയത്തില്‍ ഇന്ന് 12 മണിക്ക് കോടതിയില്‍ ഹാജരാവാന്‍ അഭിഭാഷകന് നിര്‍ദേശം നല്കി. കടുത്ത നടപടിയിലേക്ക് ഹൈക്കോടതി കടന്നേക്കുമെന്നാണ് വിലയിരുത്തല്‍.
അമിക്കസ് ക്യൂറിയും കേസില്‍ ഇടപെട്ട മറ്റ് അഭിഭാഷകരും ബുധനാഴ്ച രാവിലെ ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വിഷയം ഉച്ചയ്ക്ക് 12 മണിയോടെ പ്രത്യേകമായി പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ശാന്തന്‍പാറയിലെ നിര്‍മാണം തടഞ്ഞുകൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ല. നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പറോ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റോ നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഉത്തരവ് വന്നതിനു പിന്നാലെ സി.പി.എം. പലയിടങ്ങളില്‍നിന്നായി തൊഴിലാളികളെ എത്തിച്ച് ചൊവ്വാഴ്ച രാത്രിതന്നെ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. ടൈലിടലടക്കമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വരെ ഇന്നലെ രാത്രികൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു.