ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാത വികസനത്തിന്റെ അലൈന്മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പില് ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. കൊല്ലം ഉമയനെല്ലൂരിലെ ദേശീയ പാത അലൈന്മെന്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികളുദ്ധരിച്ചായിരുന്നു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളും. ഈ ഉത്തരവിട്ട ജഡ്ജിയെയും പരാതി നല്കിയ ഹര്‍ജിക്കാരനെയും നടപ്പാക്കിയ സര്‍ക്കാരിനെയും ദൈവം സംരക്ഷിച്ചു കൊള്ളുമെന്നും ഉത്തരവില്‍ പറയുന്നു. അനാവശ്യമായും നിസാര കാര്യങ്ങളുടെ പേരിലും ദേശീയ പാത സ്ഥലമേറ്റെടുപ്പില് ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇത്തരത്തില്‍ കോടതികള്‍ ഇടപെട്ടാല്‍ ദേശീയപാത വികസനം പൂര്‍ണമായി സ്തംഭിക്കുന്ന സ്ഥിതിയുണ്ടാകും. ദേശീയ പാത വികസനത്തിനായി സ്ഥലമേറ്റെടുക്കുമ്പോള്‍ ആരാധനാലയങ്ങളെ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കുക എല്ലായ്പോഴും പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊതുതാല്പര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സ്ഥലമുടമകള്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇവരുടെ വികാരം മനസിലാക്കുന്നു. എന്നാല്‍ ഒരു വിഭാഗം പൗരന്മാര്ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വികസന പദ്ധതികള്‍ നടപ്പാക്കാനാകില്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ വികസനത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ വികസനത്തിന് ദേശീയപാത വികസനം അത്യന്താപേക്ഷിതമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി