കൊച്ചി: എ.ഐ. ക്യാമറ സ്ഥാപിച്ചതിൽ സർക്കാരിന് പ്രശംസയുമായി ഹൈക്കോടതി .
ക്യാമറ സ്ഥാപിച്ചതിനെ പ്രതിപക്ഷം പോലും എതിർത്തിട്ടില്ലെന്നും ക്യാമറ വാങ്ങിയതിലെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെട്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആരോഗ്യപരമായ കാരണങ്ങളാൽ ഹെൽമെറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന രണ്ടുപേരുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അത്തരത്തിൽ യാതൊരു തരത്തിലുള്ള ഒഴിവും ആർക്കും നൽകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഈ സമയത്താണ് എ.ഐ. ക്യാമറ വിഷയത്തിൽ കോടതിയുടെ പരാമർശമുണ്ടായത്.
എ.ഐ. ക്യാമറ സ്ഥാപിച്ചതിൽ സർക്കാരിനേയും മോട്ടോർ വാഹനവകുപ്പിനേയും പ്രശംസിച്ചതോടൊപ്പം, നൂതനമായ ഒരു സാങ്കേതിക വിദ്യയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു. ഇതിനെ പ്രശംസിക്കുക തന്നെ വേണമെന്നും കോടതി വ്യക്തമാക്കി.
ക്യാമറയും മറ്റും അനുബന്ധ ഘടകങ്ങളും വാങ്ങിയതിലെ സുതാര്യതയും അഴിമതിയുമാണ് ഉയർന്നുവന്ന ആരോപണങ്ങൾ. അതിനെ മറ്റൊരു രൂപത്തിൽ കാണണം. അഴിമതി ആരോപണങ്ങളുടെ പേരിൽ ക്യാമറതന്നെ വേണ്ടെന്ന നിലപാട് ശരിയല്ല. ക്യാമറ സംവിധാനത്തെ അംഗീകരിച്ച് മുന്നോട്ടുപോകണമെന്നും കോടതി അഭിപ്രായപ്പെട്ടു.