കോഴിക്കോട്: താമരശ്ശേരി വെഴുപ്പൂരില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. മുക്കം കൊടിയത്തൂര്‍ എള്ളങ്ങല് വീട്ടില്‍ അലി ഉബൈറാ(26)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നാലുമാസം മുമ്പ് തച്ചംപൊയില്‍ അവേലം പയ്യമ്പടി മുഹമ്മദ് അഷ്റഫ് എന്ന വിച്ചി(55)യെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്ന് രാത്രിയും രണ്ട് പകലും ബന്ദിയാക്കി ഉപദ്രവിച്ചശേഷം വിട്ടയച്ച സംഭവത്തിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലിന് മുക്കം വലിയപറമ്പില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടിയും സംഘവും പിന്തുടര്ന്ന് വാഹനം തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 22-ന് രാത്രിയാണ് വെഴുപ്പൂരില്‍ സ്കൂട്ടര്‍ തടഞ്ഞ് മുഹമ്മദ് അഷ്റഫിനെ രണ്ടു വാഹനങ്ങളിലെത്തിയ സംഘം കാറില്‍ കയറ്റിക്കൊണ്ട് പോയത്. മലപ്പുറം കാവനൂര്‍ സ്വദേശി അബ്ദുല്‍ സലാമിന്റെയും അലി ഉബൈറാന്റെയും ഉടമസ്ഥതയിലുള്ള സ്വര്‍ണം കേരളത്തിലേക്ക് കടത്താന്‍ അനുവദിക്കാതെ മുക്കം സ്വദേശി ഗള്‍ഫില്‍ തടഞ്ഞു വെച്ചിരുന്നു. ഇത് വിട്ടുകിട്ടാനായാണ് മുക്കം സ്വദേശിയുടെ ബന്ധുവായ മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയതെനാനായിരുന്നു പൊലീസ് കണ്ടെത്തിയത്.