കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനക്കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് ചോദ്യംചെയ്ത് പ്രിയ വര്‍ഗീസ് നല്കിയ അപ്പീലിലാണ് വിധി. അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അധ്യാപന കാലഘട്ടം കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റി എന്നാരോപിച്ചുകൊണ്ടാണ് പ്രിയ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിലെ റാങ്ക് പട്ടികയാണ് ഏറെ വിവാദമായിരുന്നത്. ഈ റാങ്ക് പട്ടികയില്‍ പ്രിയയുടെ അധ്യാപനപരിചയം ശരിയല്ല എന്നുകണ്ട് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു. ഇതിനെതിരേ പ്രിയ വര്‍ഗീസ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചു.
യു.ജി.സി. മാനദണ്ഡപ്രകാരം മതിയായ അധ്യാപന യോഗ്യതയില്ലെന്നും ഗവേഷണകാലം അധ്യാപന പരിചയമായി കാണാനാവില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. എന്നാല്‍ അവധിയെടുക്കാതെയുള്ള ഗവേഷണ കാലഘട്ടം സര്‍വീസായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷന് കാലത്തെ പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയത്തിന്റെ ഭാഗമാണ് എന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
മാത്രമല്ല, തന്റെ അധ്യാപന പരിചയം വിലയിരുത്തുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റിയെന്നും പ്രിയ വര്‍ഗീസ് കോടതിയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച ഹര്‍ജിയിലാണ് പ്രിയ വര്‍ഗീസിന് അനുകൂലമായി ഡിവിഷന് ബെഞ്ച് ഉത്തരവുണ്ടായിരിക്കുന്നത്.