കൊച്ചി: ഭരണഘടനയെ അവഹേളിച്ച മല്ലപ്പളളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ അന്തിമ റിപ്പാര്‍ട്ടും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും ഹൈക്കോടതി റദ്ദാക്കിയ കോടതി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു.
അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടായെന്നും കോടതി കണ്ടെത്തി. സി സി ടി വി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും കോടതി പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പേ അന്വേഷണ ഉദ്യോഗസ്ഥന് ഫൈനല്‍ റിപ്പാര്‍ട്ട് സമര്‍പ്പിച്ചു.
എന്ത് സാഹചര്യത്തിലാണ് കുന്തം, കൂടചക്രം എന്നുള്ള വാക്ക് ഉപയോഗിച്ചതെന്ന് പരിശോധിക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. പ്രസംഗം കേട്ടവരുടെ മനസ്സില്‍ ഭരണഘടനക്കെതിരെ അവമതിപ്പ് ഉണ്ടാക്കിയോ എന്നും അറിയേണ്ടതാണ്. സാക്ഷികളായ മാധ്യമ പ്രവര്‍ത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണ്. അന്വേഷണം ധൃതി പിടിച്ചാണ് പൂര്‍ത്തീകരിച്ചത്. അന്വേഷണം കാല താമസം ഇല്ലാതെ തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. തിരക്കിട്ട് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സര്‍ക്കാരിനുള്ള തിരിച്ചടിയായി കോടതി ഉത്തരവ്.