തിരുവനന്തപുരം; വസ്തു തര്‍ക്കത്തിന്റെ പേരില്‍ മകനെ പോക്സോ കേസില്‍ കുടുക്കി മാതാപിതാക്കളും സഹോദരനും. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് അപൂര്‍വ്വ സംഭവങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ കോടതിയുടെ കനിവില്‍ നിരപരാധിയായ യുവാവ് രക്ഷപ്പെട്ടു. കുലശേഖരം കെ.കെ.പി നഗറില്‍ രാജേഷ് ആര് നായരെയാണ് വ്യാജ പോക്സോ കേസില്‍ കുടുക്കിയത്.
അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് ആജ് സുദര്‍ശനനാണ് യുവാവിനെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്. രാജേഷിനെ എടുത്തുവളര്‍ത്തിയ പിതൃസഹോദരിയുടെ സ്വത്ത് കൈമാറുന്നത് സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിനെ കേസില്‍ കുടുക്കാന്‍ ഉറ്റവര്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് ഇവരുടെ പദ്ധതിയനുസരിച്ച് രാജേഷിനെതിരെ ആരോപണവുമുയര്‍ന്നു.
അടുത്തബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2021ല്‍ വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ രാജേഷിനെ കേസില്‍ കുടുക്കിയതാണെന്ന് കാട്ടി പിതൃസഹോദരി ഡി.ജി.പിയെ സമീപിച്ചു. ഇതാണ് വഴിത്തിരിവായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പരാതി കളവാണെന്ന് വെളിവാകുകയായിരുന്നു. പ്രതിക്ക് വേണ്ടി അഭിഭാഷകനായ എസ്.എം നൗഫി,ജി.പി ജയകൃഷ്ണന് എന്നിവര്‍ ഹജരായി.