കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ വിഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിനാലാണ് നടപടി. ഇന്ന് ഹാജരാകണമെന്ന് നിപുണിന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇന്നും ഹാജരാകാത്ത പശ്ചാത്തലത്തിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി സോഷ്യല്‍മീഡിയ പേജില്‍ പോസ്റ്റ് ചെയ്തെന്ന പേരിലാണ് കോടതിയലക്ഷ്യ ക്രിമിനല്‍ കേസില്‍ നിപുണിനെതിരെ കോടതി സ്വമേധയാ കേസെടുത്തത്. വിഫോര്‍ കൊച്ചിയുടെ പേജിലായിരുന്നു ഇത്തരത്തില്‍ പ്രസംഗം പ്രചരിപ്പിച്ചത്.
നേരത്തെ കോടതിയില്‍ ഹാജരാകാന്‍ നിപുണ്‍ എത്തിയിരുന്നെങ്കിലും ഒപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരേയും ഹൈക്കോടതി കെട്ടിടത്തില്‍ പ്രവേശിപ്പിക്കണമെന്ന് നിപുണ്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇത് അനുവദിക്കാനാവില്ലെന്നാണ് ഹൈക്കോടതി സുരക്ഷാ ഓഫീസര്‍ അറിയിച്ചത്.