തിരുവനന്തപുരം: പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ വട്ടിയൂര്‍ക്കാവ് നെട്ടയം ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം കൃഷ്ണ ഭവനില്‍ ലാല്‍ പ്രകാശിനെ (29) തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി എട്ട് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി സുദര്ശന് വിധിയില്‍ പറയുന്നു. പിഴത്തുക ഇരയക്ക് നല്‍ക്കാനും ഉത്തരവുണ്ട്. പേട്ട പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍മാരായിരുന്ന എസ് അരുണ്‍കുമാര്‍, എ അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
സംഭവം ഇങ്ങനെ
2013 മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി പ്രതി ഒമ്പതാം ക്ലാസ്സില്‍ പഠിച്ചിരുന്ന കുട്ടിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന് കേസ്. പ്രതിയുടെ കൂട്ടുകാരന്റെ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. ഇവിടെ വെച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതി കുട്ടിയെ വീട്ടുകാരോട് ബന്ധപ്പെടാനോ പുറത്തേക്ക് പോകാനോ സമ്മതിച്ചില്ല. വീട്ടുകാര്‍ കുട്ടിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താത്തതിനാല്‍ പേട്ട പൊലീസില്‍ പരാതി നല്കി. രണ്ടാഴ്ച കഴിഞ്ഞ് കുട്ടി മറ്റൊരു ഫോണില്‍ നിന്ന് അമ്മയെ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് പേട്ട പൊലീസും വീട്ടുകാരും ചേര്‍ന്ന് വീട്ടില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര് എസ് വിജയ് മോഹന്‍, അഭിഭാഷകരായ എം മുബീന, ആര് വൈ അഖിലേഷ് ഹാജരായി. പ്രോസിക്യൂഷന് 26 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും 19 തൊണ്ടിമുതലുകളും ഹാജരാക്കി.