കൊച്ചി: എ.ഐ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയത് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന പ്രതിപക്ഷ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണം. എസ് ആര് ഐ ടിക്ക് ടെന്‍ഡര്‍ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം. എ ഐ ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.
ഉന്നതഉദ്യോഗസ്ഥരും ഭരണ സംവിധാനത്തിലെ ഉന്നത നേതാക്കളും ഇടപെട്ടാണ് അഴിമതിക്കുള്ള കളമൊരുക്കിയതെന്നാണ് ആരോപണം. കരാറുകള്‍ റദ്ദാക്കണമെന്നും ഹര്‍ജിയിലൂടെ പ്രതിപക്ഷ നേതാവ് വിഡി സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണംമെന്നും ആവശ്യമുണ്ട്. ചീഫ് ജസ്റ്റിസ് എസ്.എന്‍.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി ഇന്നു പരിഗണിക്കും.
ഡി.പി.ആര് ധനകാര്യവകുപ്പ് തള്ളിയത്
236 കോടി രൂപ ചെലവിട്ടു ബി.ഒ.ഒ.ടി (ബില്‍ഡ്, ഓണ്‍, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍) മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതിക്കായി കെല്‍ട്രോണ്‍ തയ്യാറാക്കിയ ഡി.പി.ആര് ധനകാര്യവകുപ്പ് തള്ളിയതാണ്. പദ്ധതി നടത്തിപ്പുകാര്‍ക്ക് അധികാരത്തിലെ ഉന്നതരുമായി നേരിട്ടുള്ള ബന്ധവും രാഷ്ട്രീയ സ്വാധീനവുമാണ് ഇതു നടപ്പാക്കാന്‍ കാരണം.പദ്ധതിക്കുവേണ്ട സാങ്കേതിക പരിജ്ഞാനം കെല്‍ട്രോണിനില്ല. ഐ.ടി പദ്ധതികളില്‍ കെല്‍ട്രോണിന് പ്രൊജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് പദവിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.