ലക്ഷദ്വീപിൻ്റെ നിയമപരമായ അധികാരപരിധി മാറ്റാന്‍ നീക്കം. കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് അധികാരപരിധി മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങി എന്ന് വിവരം. ഭരണപരിഷ്കാരങ്ങള്‍ക്ക് എതിരെ നിരവധി കേസുകള്‍ എത്തിയതിനാലാണ് ഇത്തരമൊരു നീക്കമെന്നും വിവരമുണ്ട്. ഈ വര്‍ഷത്തില്‍ മാത്രം 11 റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെ 23 കേസുകളാണ് ലക്ഷദ്വീപിലെ അഡ്മിനിട്രേറ്ററുടെയും പൊലീസിൻ്റെയും നടപടികള്‍ക്ക് എതിരെ കേരളാ ഹൈക്കോടതിയില്‍ എത്തിയത്.
ഇതിനായി ലക്ഷദ്വീപ് അഡ്മിനിട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നും സൂചന. ഭൂമി ശാസ്ത്രപരമായും ഭാഷാപരമായും കേരളം തന്നെയാണ് ലക്ഷദ്വീപിന് അടുത്ത് നില്കുന്നത്. ഭരണഘടന അനുസരിച്ച് പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.