കണ്ണൂര്‍: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജിക്കെതിരേയുള്ള ഇ.ഡി. നടപടി ഹൈക്കോടതി റദ്ദാക്കി. കേസ് എടുത്ത് സ്വത്ത് വകകള്‍ കണ്ടുകെട്ടിയ നടപടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. നേരത്തെ വിജിലന്‍സ് എടുത്ത കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
എം.എല്‍.എ. ആയിരിക്കെ അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഷാജിക്കെതിരേ ഇ.ഡി. കേസെടുത്തത്. തുടര്‍ന്ന് കെ.എം. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളടക്കം കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡി. കടന്നിരുന്നു. കെ.എം. ഷാജി സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍. വിജിലന്‍സ് എടുത്ത കേസിന്റെ ചുവടുപിടിച്ചാണ് ഇ.ഡിയും കേസെടുത്തത്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.