കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷന് കരടുകളടക്കം ചോദ്യം ചെയ്ത് കെ പി സി സി ഭാരവാഹി നൗഷാദലി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയത്. ഭരണ പരിഷ്കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ മുരളി പുരുഷോത്തമന്, എസ് വി ഭട്ടി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജി തള്ളിയത്. ഭരണപരിഷ്കരങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്ജിക്കാരന് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കോടതി ഇത് അനുവദിച്ചിരുന്നില്ല. പകരം വിശദീകരണം ആരാഞ്ഞ് കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും കത്തയച്ചിരുന്നു. പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ പരിഗണിച്ചതിന് ശേഷമാവും പരിഷ്കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കോടതിയില്‍ വിശദീകരണം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം എടുത്തത്.
ദ്വീപ് ഭരണകൂടം തയാറാക്കിയ കൊവിഡ് എസ്ഒപി (സ്റ്റാന്റേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യര്‍), താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ്, ഡയറിഫാമുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം എന്നിവയ്ക്കെല്ലാം എതിരായി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.